ഡൽഹി: അടുത്ത വർഷം മുതൽ പെട്രോൾ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാൻ സർക്കാർ നടപടി സ്വീകരിക്കും. കഴിഞ്ഞ വർഷം ജൂണിലും നിതിൻ ഗഡ്കരി സമാനമായ പ്രസ്താവന നടത്തിയിരുന്നു.
ഇലക്ട്രിക് കാറുകൾക്ക് മാത്രമല്ല, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും വിലയിൽ ഗണ്യമായ കുറവ് പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ലഭ്യമായ പെട്രോൾ വാഹനങ്ങളുടേതിന് സമാനമായ വില നിലവാരത്തിൽ ഇവികളും വിൽപ്പനയ്ക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇറക്കുമതിക്ക് പകരം പണത്തിനൊത്ത മൂല്യം ഉറപ്പാക്കുകയും മലിനീകരണ രഹിതമായ പ്രാദേശിക നിർമ്മാണം എന്നതാണ് കേന്ദ്ര സർക്കാരിന്റെ നയമെന്ന് അദ്ദേഹം വിശദീകരിച്ചു.
പെട്രോളിന്റെയും ഡീസലിന്റെയും വില രാജ്യത്ത് ഗുരുതരമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. നിലവിലെ സാഹചര്യം തന്നെ ഇതിന് ഉദാഹരണമാണ്,” ഗഡ്കരി പറഞ്ഞു. ഹരിത ഹൈഡ്രജൻ, വൈദ്യുതി, എഥനോൾ, മെഥനോൾ, ബയോ ഡീസൽ, ജൈവ ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി), ജൈവ സമർദിത പ്രകൃതി വാതകം (സിഎൻജി) തുടങ്ങിയ ബദൽ മാർഗങ്ങൾ പരമ്പരാഗത ഇന്ധനങ്ങൾക്ക് പകരം ഉപയോഗിക്കുകയാണ് പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു.