കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്ക് നടത്തിപ്പിൽ ജഡ്ജിമാർ പങ്കെടുക്കാൻ പാടില്ലെന്ന് ഹൈക്കോടതി. കോടതി വിളക്ക് നടത്തിപ്പിൽ ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാർ നേരിട്ടോ അല്ലാതെയോ ഇടപെടാൻ പാടില്ല. ഇതിനെ കോടതി വിളക്ക് എന്ന് വിളിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. തൃശൂർ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ ഇത് സംബന്ധിച്ച് തൃശൂർ ജില്ലാ ജഡ്ജിക്ക് കത്തയച്ചു.
കോടതികൾ ഒരു മതത്തിന്റെ പരിപാടിയുടെ ഭാഗമാകുന്നത് ശരിയല്ല. മതനിരപേക്ഷ സ്ഥാപനം എന്ന നിലയിൽ ഇത് അംഗീകരിക്കാനാവില്ലെന്നും കത്തിൽ പറയുന്നു. ചാവക്കാട് മുൻസിഫ് കോടതി ജീവനക്കാരാണ് ബ്രിട്ടീഷ് ഭരണകാലത്ത് വിളക്ക് കൊളുത്തിത്തുടങ്ങിയത്. പിന്നീട് ചാവക്കാട് ബാർ അസോസിയേഷൻ ചടങ്ങ് ഏറ്റെടുത്തു.