ഹൈദരാബാദ്: തെലങ്കാനയിലെ ടിആർഎസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ജനങ്ങളുടെ താൽപര്യങ്ങൾക്കെതിരെയാണ് ചന്ദ്രശേഖര റാവു ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്നതെന്ന് ‘ഭാരത് ജോഡോ യാത്ര’ ഹൈദരാബാദിൽ എത്തിയപ്പോൾ രാഹുൽ ഗാന്ധി ആരോപിച്ചു.
ബിജെപി പാർലമെന്‍റിൽ ഏത് ബില്ല് കൊണ്ടുവന്നാലും ടി.ആർ.എസ് അതിനെ പിന്തുണയ്ക്കുകയാണെന്നും, കാർഷിക കരിനിയമങ്ങൾ ഉൾപ്പെടെ ടിആർഎസ് പിന്തുണച്ചുവെന്നും രാഹുൽ പറഞ്ഞു. “ബിജെപിയും ടിആർഎസും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. ഒരു മിഥ്യാധാരണയിലും വീഴരുത്. നിങ്ങളുടെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന് മുമ്പ് നാടകം കളിക്കും, പക്ഷേ അദ്ദേഹത്തിന് നരേന്ദ്ര മോദിയുമായി നേരിട്ട് ബന്ധമുണ്ട്.” – അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരത് ജോഡോ യാത്ര ഹൈദരാബാദിലെത്തിയപ്പോൾ ചാർമിനാർ പരിസരത്ത് രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തി. തന്‍റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി 1990 ൽ സദ്ഭവന യാത്ര ആരംഭിച്ച സ്ഥലത്താണ് രാഹുൽ ഗാന്ധി പതാക ഉയർത്തിയത്.