ടോക്കിയോ: സ്വവർഗ വിവാഹം അനുവദനീയമല്ലാത്ത ജപ്പാനിൽ സ്വവർഗ പങ്കാളികൾക്ക് ടോക്കിയോ ഭരണകൂടം സർട്ടിഫിക്കറ്റുകൾ നൽകി. ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ജപ്പാനിലെ ആദ്യത്തെ വലിയ മുനിസിപ്പാലിറ്റിയാണ് ടോക്കിയോ. നഗരത്തിൽ താമസിക്കുന്ന അല്ലെങ്കിൽ ജോലി ചെയ്യുന്ന സ്വവർഗ പങ്കാളികൾക്കാണ് പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകുന്നത്. ജൂണിൽ ജപ്പാനിലെ ഒരു ജില്ലാ കോടതി സ്വവർഗ വിവാഹത്തിന് ഏർപ്പെടുത്തിയ വിലക്ക് ശരിവച്ചിരുന്നു.
എന്നാൽ ഇതിന് ശേഷമാണ് ടോക്കിയോയുടെ അപ്രതീക്ഷിത നീക്കം വന്നത്. സ്വവർഗ പങ്കാളികൾക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ ആദ്യം നൽകിയത് ഷിബുയ ജില്ലയാണ്. 2015ലായിരുന്നു അത്. ജപ്പാനിലെ 200 ലധികം ചെറിയ കമ്മ്യൂണിറ്റികൾ സമാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിയമപരമായ സാധ്യതയില്ലെങ്കിലും, ക്വീര്‍ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ആളുകൾക്ക് പാർപ്പിടം, ആരോഗ്യം, ക്ഷേമം തുടങ്ങിയ പൊതു സേവനങ്ങളിലേക്ക് പ്രവേശിക്കാൻ ഈ സർട്ടിഫിക്കറ്റ് സഹായിക്കും.
ടോക്കിയോയുടെ നീക്കത്തിന് ക്വീര്‍ കമ്മ്യൂണിറ്റികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സർട്ടിഫിക്കറ്റിന്റെ ലഭ്യതയോടെ ആളുകളോടും ഉദ്യോഗസ്ഥരോടും വിശദീകരിക്കേണ്ട അവസ്ഥയിൽ നിന്ന് മാറ്റമുണ്ടാകുമെന്ന് സർട്ടിഫിക്കറ്റിനായി പോരാടിയ സോയോക യമമോട്ടോ പറഞ്ഞു. ഒക്ടോബർ 28 മുതൽ 137 പേർ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചതായി ടോക്കിയോ ഗവർണർ പറഞ്ഞു.