തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് അമ്മയിൽ നിന്ന് വേർപിരിഞ്ഞ 12 ദിവസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകി ജീവൻ രക്ഷിച്ച വനിതാ പൊലീസ് ഓഫീസർ എം ആർ രമ്യക്ക് ഡിജിപി അനിൽകാന്തിന്റെ ആദരം. കോഴിക്കോട് ചേവായൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ രമ്യയെയും കുടുംബത്തെയും പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി കമന്‍റേഷന്‍ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
ആവശ്യത്തിന് പോഷണം ലഭിക്കാതെ അവശനിലയിലായിരുന്ന കുട്ടിയെ സ്വന്തം കുഞ്ഞായി പരിഗണിച്ചുള്ള രമ്യയുടെ നടപടി സേനയുടെ യശസ്സ് ഉയർത്തുന്നതാണെന്നും ഡി.ജി.പി അഭിപ്രായപ്പെട്ടു. ഷീണിതയായ കുഞ്ഞിനെ മുലയൂട്ടി രക്ഷിക്കാൻ മനസ്സുകാണിച്ച രമ്യയുടെ സേവനം ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അവരുടെ പ്രവർത്തനത്തെ അഭിനന്ദിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചിരുന്നു. അദ്ദേഹം കൈമാറിയ സർട്ടിഫിക്കറ്റും ഡി.ജി.പി രമ്യയ്ക്ക് കൈമാറി. രമ്യയെപോലുള്ള ഉദ്യോഗസ്ഥർ പൊലീസിന്റെ ഏറ്റവും നല്ല മുഖമാണെന്നാണ് ജസ്റ്റിസ് സർട്ടിഫിക്കറ്റിൽ എഴുതിയത്.
ഭർത്താവും, മാതാവും ചേർന്ന് 12 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷിച്ച പൊലീസ് സംഘത്തിലെ അംഗമായിരുന്നു രമ്യ. കുടുംബവഴക്കിനെതുടർന്ന് ഭർത്താവ് കുട്ടിയുമായി കടന്നുകളഞ്ഞെന്ന പരാതി ലഭിച്ചതോടെയാണ് ചേവായൂർ പൊലീസ് അന്വേഷണമാരംഭിച്ചത്.