കോഴിക്കോട്: ശിൽപങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരളശ്രീ പുരസ്കാരം സ്വീകരിക്കില്ലെന്ന് ശില്പി കാനായി കുഞ്ഞിരാമന്. തന്റെ മൂന്നു മക്കള്‍ പീഡിപ്പിക്കപ്പെട്ട ഒരു അമ്മയുടെ മാനസികാവസ്ഥയാണ് താന്‍ അനുഭവിക്കുന്നതെന്നും ഈ വേദന ഉള്ളിടത്തോളം കാലം പുരസ്കാരം സ്വീകരിക്കാന്‍ മനസ്സ് അനുവദിക്കില്ലെന്നും കാനായി വ്യക്തമാക്കി. പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്.
“ശംഖുമുഖത്തെ സമുദ്രകന്യകാ ശില്‍പ്പത്തിന് സമീപം ഒരു വലിയ ഹെലികോപ്റ്റര്‍ കൊണ്ടുവച്ച് ആ ശില്പത്തിന്റെ മഹിമ കെടുത്തി. അന്നത്തെ ടൂറിസം മന്ത്രിയായ കടകംപള്ളിയോട് അക്കാര്യം പറഞ്ഞിരുന്നു. അക്കാര്യത്തില്‍ പരിഹാരം കണ്ടെത്തിയില്ല. അദ്ദേഹം എന്റെ സുഹൃത്ത് കൂടിയാണ്. പക്ഷേ, വേളിയിലെ ശില്പങ്ങള് വികൃതമാക്കുകയാണ് കടകംപള്ളി ചെയ്തത്. അത് എന്തിന് വേണ്ടിയാണ് ചെയ്തതെന്ന് എനിക്കറിയാം. അത് തല്ക്കാലം ഞാന്‍ പറയുന്നില്ല. മൂന്ന് ശിൽപങ്ങളും എനിക്ക് സന്താനങ്ങളെ പോലെയാണ്. പീഡിപ്പിക്കപ്പെട്ട സന്താനങ്ങളെ കാണുമ്പോൾ അമ്മയ്ക്ക് എങ്ങനെയുണ്ടാകും? അതുപോലെയാണ് ശിൽപിക്ക്.” കാനായി പറഞ്ഞു.