തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസില്‍ അറസ്റ്റിലായ ഗ്രീഷ്മയ്ക്ക് കൊലപാതകത്തിനും അതിനു ശേഷം തെളിവു നശിപ്പിക്കാനും അമ്മ സിന്ധുവിന്റെയും അമ്മാവൻ നിർമൽ കുമാറിന്റെയും സഹായം ലഭിച്ചിരുന്നതായി പൊലീസ്. ഇരുവരുടെയും പങ്ക് വ്യക്തമായതിനെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തു. ഇതോടെ പാറശാല മുര്യങ്കര ജെപി ഹൗസിൽ ജെ.പി.ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ എണ്ണം മൂന്നായി.
ഷാരോണിന് കുടിക്കാൻ നൽകിയ കഷായത്തിൽ കളനാശിനി കലർത്താൻ സഹായിച്ചത് ഗ്രീഷ്മയുടെ അമ്മ സിന്ധുവാണെന്ന് പൊലീസ് പറഞ്ഞു. വിഷം നൽകിയെന്ന് അമ്മയടക്കം ആർക്കും അറിയില്ല എന്നായിരുന്നു ഗ്രീഷ്മയുടെ ആദ്യ മൊഴി. സംഭവത്തിന് ശേഷം അമ്മാവൻ നിർമ്മൽ കുമാറും തെളിവ് നശിപ്പിക്കാൻ സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇരുവരുടെയും മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇവർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് വ്യക്തമായത്.
ഗ്രീഷ്മയുടെ ആവശ്യപ്രകാരം ഷാരോൺ വീട്ടിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് ഇരുവരും പുറത്തേക്ക് പോയിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇരുവരും അധികം ദൂരം പോയിട്ടില്ലെന്ന് വ്യക്തമായി. ഇതോടെയാണ് കൊലപാതകത്തിന് പിന്നിലെ ആസൂത്രിത സ്വഭാവം പൊലീസ് സ്ഥിരീകരിച്ചത്.