ന്യൂജേഴ്സി (അമേരിക്ക): ഫ്ലോറിഡയിൽ നിന്ന് ന്യൂജേഴ്സിയിലേക്കുള്ള യുണൈറ്റഡ് വിമാനത്തിൽ പാമ്പ്. പാമ്പിനെ കണ്ട് ബിസിനസ് ക്ലാസിലെ യാത്രക്കാർ പരിഭ്രാന്തരായി.
വിമാനം ലാൻഡ് ചെയ്ത ഉടൻ ആണ് യാത്രക്കാർ പാമ്പിനെ കണ്ടത്. വിമാനത്താവളത്തിലെ വൈൽഡ് ലൈഫ് ഓപ്പറേഷൻസ് ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് പിന്നാലെ പാമ്പിനെ പിടികൂടി. ഇതിനെ പിന്നീട് കാട്ടിലേക്ക് വിട്ടതായി അധികൃതർ പറഞ്ഞു. യാത്രക്കാർക്കൊന്നും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയ ശേഷമാണ് വിമാനം പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫ്ലോറിഡയിൽ സാധാരണയായി കാണപ്പെടുന്ന ഗാർട്ടർ പാമ്പാണ് വിമാനത്തിൽ കയറിയത്. ഈ ഇനങ്ങൾ പൊതുവെ നിരുപദ്രവകാരികളും വിഷമില്ലാത്തവയുമാണ്. ഈ പാമ്പുകൾ ന്യൂജേഴ്സിയിലും ധാരാളമായി കാണപ്പെടുന്നു.