കൊച്ചി: ഇരയെ കുടുക്കാൻ ഇലന്തൂരിലെ നരബലിയിലെ പ്രധാന സൂത്രധാരൻ മുഹമ്മദ് ഷാഫി ഉപയോഗിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് അന്വേഷണ സംഘം കണ്ടെടുത്തു. മൂന്ന് വർഷത്തെ ഇയാളുടെ ഫേയ്സ്ബുക്ക് ചാറ്റുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. 100 ലധികം പേജുകളുള്ള ചാറ്റുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവ പരിശോധിച്ച് മറ്റാരെങ്കിലും ഇയാളുടെ വലയിൽ കുടുങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.
2019 മുതൽ ശ്രീദേവി എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് പ്രതി ഭഗവൽ സിങ്ങുമായി ബന്ധം സ്ഥാപിച്ചു. പലരുമായും നേരിട്ട് ബന്ധപ്പെട്ടില്ലെങ്കിലും ഫേയ്സ്ബുക്കിലൂടെ കൂടുതൽ പേരെ പരിചയപ്പെടുകയും ആവശ്യക്കാരുമായി ബന്ധപ്പെടുകയും ചെയ്തതായി പോലീസ് പറയുന്നു.
പ്രതികൾ മറ്റാരെയെങ്കിലും കുടുക്കി അപായപ്പെടുത്തിയിട്ടുണ്ടോ എന്ന ആശങ്കയും പോലീസിനുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്ന് കാണാതായവരുടെ വിവരങ്ങളാണ് പോലീസ് ശേഖരിക്കുന്നത്. ഇതുവരെ വിവരം ലഭിക്കാത്ത ആർക്കെങ്കിലും പ്രതികളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാണ് പ്രാരംഭഘട്ടത്തിൽ നടത്തുക. ഇവരുമായി മൊബൈൽ ഫോണിൽ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരിൽ ആരെയെങ്കിലും കാണാനില്ലെന്ന് പരാതിയുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.