ന്യൂ ഡൽഹി: പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷം ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും 45 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും എൻഐഎ. കേരള പൊലീസിലുള്ളവരുടെ പോപ്പുലർ ഫ്രണ്ട് ബന്ധം സംബന്ധിച്ച് റിപ്പോര്‍ട്ടില്ലെന്നും എൻഐഎ വ്യക്തമാക്കി. സെപ്റ്റംബർ 28നാണ് പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.
ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ട്രിബ്യൂണൽ പരിശോധിച്ച് അന്തിമ തീരുമാനം എടുക്കണമെന്ന ചട്ടമനുസരിച്ചാണ് കേന്ദ്രം തുടർനടപടികൾ പ്രഖ്യാപിച്ചത്. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ദിനേശ് കുമാർ ശർമ ആറ് മാസത്തിനകം വിശദമായ വാദം കേൾക്കുകയും നിരോധനം സാധുതയുള്ളതാണോ അല്ലയോ എന്ന് തീരുമാനിക്കുകയും ചെയ്യും. നിരോധനത്തിലേക്ക് നയിച്ച കണ്ടെത്തലുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾ ട്രിബ്യൂണലിന് മുന്നിൽ അവതരിപ്പിക്കും.
പോപ്പുലർ ഫ്രണ്ടിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകർക്ക് നിരോധനത്തിനെതിരെ വാദിക്കാൻ അവസരമുണ്ടാകും. യു.എ.പി.എ നിയമത്തിലെ മൂന്നാം വകുപ്പനുസരിച്ചാണ് പോപ്പുലർ ഫ്രണ്ടിന് നിരോധനം പ്രഖ്യാപിച്ചത്. ഇത് ട്രൈബ്യൂണൽ സ്ഥിരീകരിക്കണമെന്ന് നാലാം വകുപ്പ് നിർദ്ദേശിക്കുന്നു. ആഗോള ഭീകര സംഘടനകളുമായുള്ള ബന്ധം, കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ കൊലപാതകങ്ങളിലെ പങ്ക്, വിദേശത്ത് നിന്നുള്ള കുഴൽപ്പണം എന്നിവ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയത്. കേരളത്തിൽ നിന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഡൽഹിയിൽ എൻഐഎ കസ്റ്റഡിയിൽ തുടരുകയാണ്.