അന്റാർട്ടിക്ക: ലോകത്തിന്‍റെ തെക്കേ അറ്റത്തുള്ള പോസ്റ്റ് ഓഫീസും ഗിഫ്റ്റ് ഷോപ്പും ഇനി വനിതകളായിരിക്കും നയിക്കുക. അന്‍റാർട്ടിക്കയിലെ ഈ അസാധാരണമായ ജോലിക്കായി 4,000 ലധികം അപേക്ഷകരിൽ നിന്ന് നാല് സ്ത്രീകളെ തിരഞ്ഞെടുത്തു. കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അടച്ചിട്ട അന്‍റാർട്ടിക്കയിലെ പോസ്റ്റ് ഓഫീസും ഗിഫ്റ്റ് ഷോപ്പും വീണ്ടും തുറക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ജീവനക്കാരെ തിരഞ്ഞെടുത്തത്.
പെൻഗ്വിനുകളുടെ എണ്ണം എടുക്കുക, ഗിഫ്റ്റ് ഷോപ്പ് നടത്തുക, ഒരു മ്യൂസിയമായി പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് നടത്തുക എന്നിവയാണ് അവരുടെ ഉത്തരവാദിത്തം. പോര്‍ട്ട് ലോക്ക്റോയ് എന്നാണ് അന്‍റാര്‍ട്ടിക്കയിലെ പോസ്റ്റ് ഓഫീസിന്‍റെ പേര്. അന്‍റാർട്ടിക് ഹെറിറ്റേജ് ട്രസ്റ്റ് ഇവിടെ ജോലിക്കായി അപേക്ഷകരെ ക്ഷണിച്ചു. നാല് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ബേസ് ലീഡർ, പോസ്റ്റ് മാസ്റ്റർ, ഷോപ്പ് മാനേജർ, വൈൽഡ് ലൈഫ് മോണിറ്റർ എന്നീ തസ്തികകളിലായിരുന്നു ഒഴിവുകൾ. 4,000 അപേക്ഷകരിൽ നിന്ന് നാല് വനിതകളെ തിരഞ്ഞെടുത്തു.
ക്ലെയർ ബല്ലാന്‍റൈൻ, മേരി ഹിൽട്ടൺ, നതാലി കോർബറ്റ്, ലൂസി ബ്രൂസോൺ എന്നിവർ ലോകത്തിന്‍റെ തെക്കേ അറ്റത്തുള്ള പ്രത്യേക ജോലികൾക്കായി 9,000 മൈൽ സഞ്ചരിക്കും. അന്‍റാർട്ടിക്കയിലെ ഗൗഡിയർ ദ്വീപിൽ അഞ്ച് മാസം സംഘം പ്രവർത്തിക്കും. വെള്ളം, ശൗചാലയങ്ങൾ, അതിശൈത്യം എന്നിവയുൾപ്പെടെ നിരവധി വെല്ലുവിളികൾ ഇവരെ കാത്തിരിക്കുന്നുവെന്ന് അന്‍റാർട്ടിക് ഹെറിറ്റേജ് ട്രസ്റ്റ് വിശദീകരിക്കുന്നു.