കീവ്: ഉക്രൈനിലെ 15 ശതമാനത്തോളം പ്രദേശങ്ങൾ ഹിതപരിശോധന നടത്തി റഷ്യൻ ഫെഡറേഷന്‍റെ ഭാഗമാക്കി മാറ്റിയ ശേഷം ഉക്രൈൻ സൈന്യം തെക്ക്- കിഴക്കൻ പ്രദേശങ്ങളിൽ മുന്നേറുകയാണെന്ന് റിപ്പോർട്ട്. ഫെബ്രുവരി 24 ന് ആരംഭിച്ച യുദ്ധത്തിന്‍റെ ആദ്യ രണ്ട് മാസങ്ങൾക്ക് ശേഷം, റഷ്യൻ സൈനികരെ കീവിൽ നിന്ന് പിൻവലിക്കുകയും തെക്കൻ മേഖലയിൽ വിന്യസിക്കുകയും ചെയ്തിരുന്നു. പിന്നീട് ഉക്രൈന്റെ തെക്കുകിഴക്കൻ മേഖലയിലെ നാല് പ്രവിശ്യകൾ റഷ്യ പിടിച്ചെടുത്തു.
യുദ്ധം എട്ടാം മാസത്തിലേക്ക് കടക്കുമ്പോൾ, 2014 ൽ ക്രിമിയ കൈവശപ്പെടുത്തിയ പോലെ കീഴടക്കിയ പ്രദേശങ്ങളിൽ ഹിതപരിശോധന നടത്തിയ റഷ്യ, പിന്നീട് ഹിതപരിശോധനയില്‍ ജനങ്ങള്‍ റഷ്യയ്ക്കായി വോട്ട് ചെയ്തെന്ന് അവകാശപ്പെടുകയും അവ റഷ്യന്‍ ഫെഡറേഷനൊപ്പം ചേര്‍ക്കുകയും ചെയ്തിരുന്നു. അമേരിക്കയും, യുകെയും, യൂറോപ്യൻ യൂണിയനും റഷ്യയുടെ ഈ നീക്കത്തെ അംഗീകരിച്ചില്ല. ഇതിന് പിന്നാലെ റഷ്യ രാജ്യത്തോടൊപ്പം കൂട്ടിച്ചേർത്ത നിരവധി ഗ്രാമങ്ങൾ പിടിച്ചെടുത്തതായി ഉക്രൈൻ സൈന്യം അറിയിച്ചു.
തെക്കൻ കെർസൺ മേഖലയിലെ റഷ്യൻ പ്രതിരോധം തകർത്ത് ഉക്രൈൻ സൈന്യം മുന്നേറുകയാണെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം ഡൊണെറ്റ്സ്കിൽ, ഉക്രൈൻ സൈന്യം ലൈമാൻ പട്ടണം പിടിച്ചെടുത്ത് കൂടുതൽ കിഴക്കോട്ട് നീങ്ങുകയാണ്. ഡൊണെറ്റ്സ്ക്, ലുഹാൻസ്ക്, സപ്പോറീഷ്യ, കെർസൺ എന്നീ നാല് പ്രദേശങ്ങൾ തങ്ങളുടെ രാജ്യവുമായി ചേർത്തതായി റഷ്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉക്രൈയ്നിന്‍റെ സൈനിക നീക്കം.