വാഷിംഗ്ടണ്‍: ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസിന്റെ വെബ്സൈറ്റിലാണ് ബൈഡന്റെ പ്രതികരണം പ്രസിദ്ധീകരിച്ചത്. ഇറാൻ അധികൃതരുടെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് ഇറാൻ മത പൊലീസും അധികാരികളും നാളെ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
മഹ്സ അമിനി എന്ന യുവതിയുടെ കസ്റ്റഡി മരണത്തെ തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട ബഹുജന പ്രക്ഷോഭം 19-ാം ദിവസവും തുടരുകയാണ്. രാജ്യത്തെ 14 പ്രവിശ്യകളിലെ 17 ലധികം നഗരങ്ങളിൽ ഇന്നലെയും പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി. നിലവിൽ ഹൈസ്കൂളുകളും സർവകലാശാലകളും കേന്ദ്രീകരിച്ചാണ് സമരം.
പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളിൽ ഇതുവരെ 400 ലധികം പേർ കൊല്ലപ്പെട്ടു. 10,000ത്തിലധികം പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കുറഞ്ഞത് 20,000 പേരെങ്കിലും ഇപ്പോഴും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.