തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ശക്തമാകുന്നു. മൂന്ന് ദിവസമായി നിരാഹാരം കിടന്നിരുന്ന ഇവരെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ താമസിയാതെ മടങ്ങിയെത്തി ദയാബായി പ്രതിഷേധം തുടരുകയായിരുന്നു.
മറ്റന്നാൾ സെക്രട്ടേറിയറ്റിലേക്ക് ജനകീയ മാർച്ച് നടത്താനാണ് സമരസമിതിയുടെ തീരുമാനം. തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടുന്ന സർക്കാർ ദുരിതബാധിതരുടെ ആരോഗ്യപ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ദയാബായി പറഞ്ഞു. കഴിഞ്ഞ മാസം കാസർകോട് നാല് എൻഡോസൾഫാൻ ദുരിതബാധിതർ ചികിത്സ കിട്ടാതെ മരിച്ചിരുന്നു. ഈ മാസം മാത്രം രണ്ട് കുട്ടികൾ മരിച്ചു. ശരിയായ ചികിത്സ ലഭിക്കാത്തതിനാൽ മരണപ്പെടുന്ന ദുരിതബാധിതർക്കായി ദയാബായി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പ്രാധാന്യമേറെയാണ്.
സമരപ്പന്തൽ കെട്ടാൻ അനുമതിയില്ലാത്തതിനാൽ ചുട്ടുപൊളുന്ന വെയിലിയിലും കോരിച്ചൊരിയുന്ന മഴയത്തും തളരാതെ നാലാംദിനവും മുന്നോട്ടുപോകുകയാണ് ദയാബായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അടുത്ത ദിവസം സമരപ്പന്തലിലെത്തിക്കാനാണ് സമരസമിതിയുടെ തീരുമാനം. സെക്രട്ടേറിയറ്റിലേക്ക് ജനകീയ മാർച്ചും സംഘടിപ്പിക്കും. പഞ്ചായത്തുകളിൽ ഡേ കെയർ സെന്ററുകൾ ആരംഭിക്കുക, മെഡിക്കൽ കോളേജിനെ പൂർണ സജ്ജമാക്കുക, കാസർഗോഡിനെ എയിംസ് പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തുക എന്നിവയാണ് സമര സമിതിയുടെയും ദയാബായിയുടെയും പ്രധാന ആവശ്യങ്ങൾ.