Spread the love

ബെംഗളൂരു: ബെംഗളൂരുവിൽ നായയെ കെട്ടിയിട്ട് തല്ലിയ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ബെംഗളൂരുവിലെ കെആർ പുരത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജീവനുള്ള മൃഗമാണെന്ന് പോലും പരിഗണിക്കാതെയായിരുന്നു മർദ്ദനം. നായ നിരന്തരം കുരയ്ക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ക്രൂരത.

മൂന്ന് യുവാക്കൾ ചേർന്ന് വലിയ വടികൊണ്ട് നായയെ അടിക്കുകയായിരുന്നു. നായയുടെ കാലുകൾ കെട്ടിയിട്ടായിരുന്നു മർദ്ദനം. നായയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ യുവാക്കളെ തടഞ്ഞുനിർത്തി നായയെ രക്ഷപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് പൊലീസ് കേസെടുത്തു. അക്രമികൾക്കെതിരെ നായയുടെ ഉടമയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

രാഹുൽ, രജത്, രഞ്ജിത്ത് എന്നിവരെയാണ് മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കെആർ പുരത്തെ മഞ്ജുനാഥ ലേഔട്ടിലെ താമസക്കാരാണ് ഇവർ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നായയെ സമീപത്തെ മൃഗാശുപത്രിയിലേക്ക് മാറ്റി. രാത്രി ഉറങ്ങാന്‍ പോലും അനുവദിക്കാതെ നിര്‍ത്താതെ കുരയ്ക്കുന്നുവെന്നതായിരുന്നു മര്‍ദ്ദനത്തിന് യുവാക്കള്‍ കണ്ടെത്തിയ കാരണമെന്ന് പൊലീസ് പറഞ്ഞു. നായയോട് കൊടും ക്രൂരത കാട്ടിയ യുവാക്കള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികള്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

By newsten