ഛണ്ഡീഗഢ്: സുരക്ഷാ ഭീഷണിയെ തുടർന്ന് പഞ്ചാബ് അതിർത്തിയിൽ സുരക്ഷാ സേന വെടിയുതിർത്തതായി റിപ്പോർട്ട്. പഞ്ചാബിലെ ഗുർദാസ്പൂർ സെക്ടറിൽ പാകിസ്താനിൽ നിന്നുള്ള ഡ്രോൺ ഇന്ത്യൻ പ്രദേശത്തേക്ക് കടന്നതിന് പിന്നാലെയാണ് വെടിവയ്പ്പുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ ആകാശത്ത് ഒരു മൂളൽ കേട്ടതിനെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്ന് അധികൃതർ പറഞ്ഞു. ഡ്രോൺ വഴി എന്തെങ്കിലും വസ്തുക്കൾ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പാകിസ്ഥാനിൽ നിന്ന് കടത്തിയ ഹെറോയിൻ എന്ന് സംശയിക്കുന്ന രാസവസ്തു ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവവും അരങ്ങേറിയത്. തിങ്കളാഴ്ച അഫ്ഗാനിസ്ഥാനിൽ നിന്ന് ഉണങ്ങിയ പഴങ്ങൾ നിറച്ച പാകിസ്ഥാൻ ട്രക്ക് പരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് വിവരം പുറത്തറിയുന്നത്. ഒരു കാന്തം ഉപയോഗിച്ച് ഒരു മഡ്ഗാർഡിൽ ഘടിപ്പിച്ച ഇരുമ്പ് പ്ലേറ്റിന്റെ രൂപത്തിലായിരുന്നു ഹെറോയിൻ.
പഞ്ചാബ് അതിർത്തി വഴി ആയുധങ്ങളും മയക്കുമരുന്നുകളും മറ്റ് നിരോധിത വസ്തുക്കളും രാജ്യത്തേക്ക് കടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇത്തരം നിരവധി കേസുകൾ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) അന്വേഷിക്കുന്നുണ്ട്.