കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച സംഭവത്തിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ഷിഹാബിനെ സസ്പെൻഡ് ചെയ്യാൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. പൊതുജനങ്ങൾക്ക് മുന്നിൽ കേരള പോലീസിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണ് ഷിഹാബ് ചെയ്തതെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. മാമ്പഴം മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും പൊലീസ് കേസെടുക്കുകയും ചെയ്തതോടെ ഷിഹാബ് ഒളിവിൽ പോയിരുന്നു.
കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നാണ് മാമ്പഴം മോഷണം പോയത്. ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവിൽ പൊലീസ് ഓഫീസർ പി.വി ഷിഹാബാണ് മാമ്പഴം മോഷ്ടിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തിരിച്ചറിഞ്ഞത്. ഇയാൾക്കെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തിരുന്നു.
അതിരാവിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ ആണ് പൊലീസുകാരൻ കടയ്ക്ക് പുറത്ത് സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്ടിച്ചത്. പുലർച്ചെ നാല് മണിയോടെ കടയ്ക്ക് മുന്നിലെത്തിയ ഷിഹാബ് കിലോയ്ക്ക് 600 രൂപ വിലവരുന്ന 10 കിലോ മാമ്പഴമാണ് കൊണ്ടുപോയത്.