ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് നൽകുന്ന സൗജന്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ. സുപ്രീം കോടതി സമിതിയിലാണ് സൗജന്യങ്ങൾ നിയന്ത്രിക്കണമെന്ന എസ്ബിഐയുടെ നിർദേശം. സംസ്ഥാന ജിഡിപിയുടെ ഒരു ശതമാനമായോ നികുതി വരുമാനത്തിന്റെ ഒരു ശതമാനമായോ ക്ഷേമ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നാണ് ആവശ്യം.
എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് മൂന്ന് സംസ്ഥാനങ്ങളുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഛത്തീസ്ഗഢ്, ജാർഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ പാവപ്പെട്ടവർക്ക് പെൻഷൻ നൽകാൻ മാത്രം മൂന്ന് ലക്ഷം കോടി രൂപയാണ് ചെലവഴിക്കുന്നത്.
സംസ്ഥാനങ്ങളുടെ നികുതി വരുമാനവും പെൻഷൻ ബാധ്യതകളും തമ്മിലുള്ള അനുപാതം നോക്കുമ്പോൾ, പല സംസ്ഥാനങ്ങളിലും ഇത് വളരെ കൂടുതലാണെന്ന് എസ്ബിഐ റിപ്പോർട്ടിൽ പറയുന്നു. ജാർഖണ്ഡിൽ ഇത് നികുതി വരുമാനത്തേക്കാൾ 217 ശതമാനവും രാജസ്ഥാനിൽ 207 ശതമാനവും കൂടുതലാണ്. പല സംസ്ഥാനങ്ങളും അവരുടെ ജിഡിപിയുടെ 4.5 ശതമാനം വരെ ബജറ്റിന് പുറത്ത് കടമെടുത്തു. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങൾ സൗജന്യങ്ങൾ നൽകുന്നത് നിയന്ത്രിക്കണമെന്ന ആവശ്യം എസ്ബിഐ ഉയർത്തിയത്.