Spread the love

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് സൗജന്യ വാഗ്ദാനങ്ങൾ നൽകുന്നതിനുള്ള സാമ്പത്തിക ചെലവ്, രാഷ്ട്രീയ പാർട്ടികൾ വിശദീകരിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ വിമർശിച്ച് പ്രതിപക്ഷം.

മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ സൗജന്യ വാഗ്ദാനങ്ങൾ നൽകുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ചെലവ് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കേണ്ടി വരും. ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ച നിർദേശവുമായി രംഗത്തെത്തിയത്. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഈ നിർദേശത്തോട് ശക്തമായി പ്രതികരിച്ചിട്ടുണ്ട്.

നിലവിലുള്ള മാതൃകാ പെരുമാറ്റച്ചട്ട മാർഗ്ഗനിർദ്ദേശങ്ങളിൽ ഒരു പുതിയ കൂട്ടിച്ചേർക്കൽ നടത്താൻ പോകുന്നു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ രാഷ്ട്രീയ പാർട്ടികൾ നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് വോട്ടർമാരെ അറിയിക്കാൻ നിർദ്ദേശിക്കുന്നു എന്നാണ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്.

ഒക്ടോബർ 19നകം തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടും. ഇവ കൂടി പരിഗണിച്ച് മാതൃകാ പെരുമാറ്റച്ചട്ടത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തും. എന്നാൽ, ഈ നിർദ്ദേശം രാഷ്ട്രീയ പാർട്ടികളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. 

By newsten