പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ അപകടസാധ്യത പ്രവചിക്കാൻ കഴിയുന്ന പുതിയ എപിജനറ്റിക് ബയോമാർക്കുകൾ കണ്ടെത്തി. ഗാർവൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിലെ ശാസ്ത്രജ്ഞനാണ് കണ്ടെത്തൽ നടത്തിയത്. ഒരു മനുഷ്യൻ രോഗത്തിന്റെ എത്രമാത്രം മൂർദ്ധന്യാവസ്ഥയിലേക്ക് എത്തുമെന്ന് പ്രവചിക്കാൻ കഴിയുന്നതാണ് ഈ പുതിയ കണ്ടെത്തൽ.
ബയോ മാർക്കറുകൾ പരമ്പരാഗത ക്ലിനിക്കൽ ഉപകരണങ്ങളുമായി സംയോജിച്ച് ചെയ്യുന്ന ഈ സാങ്കേതികത രോഗികൾക്കായി മെച്ചപ്പെട്ട ചികിത്സാരീതി വികസിപ്പിക്കാൻ ഡോക്ടർമാരെ സഹായിക്കും. പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ച പുരുഷന്മാരിൽ അവരുടെ മുഴകളുടെ സ്വഭാവമനുസരിച്ച് കൂടുതൽ വ്യക്തിഗതമായ ചികിത്സകൾ നടത്തേണ്ടത് ആവശ്യമാണ്. എന്നാൽ രോഗം വ്യക്തിയിൽ എത്രമാത്രം വ്യാപിക്കുമെന്ന് തിരിച്ചറിയാതെ ഈ ചികിത്സ നൽകാൻ സാധിക്കില്ലെന്ന് ഗാർവാനിലെ ജനറ്റിക് റിസർച്ച് ലാബിന്റെ തലവനും ഗവേഷകനുമായ പ്രൊഫസർ സൂസൻ പറഞ്ഞു.
പുരുഷന്മാരിൽ കണ്ടുവരുന്ന ഏറ്റവും സാധാരണമായ രണ്ടാമത്തെ അർബുദമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രാരംഭഘട്ടത്തിൽ ഈ തരത്തിലുള്ള പ്രോസ്റ്റേറ്റ് ക്യാൻസർ ഓരോരുത്തരിലും എത്രമാത്രം മാരകം ആകുമെന്ന് നേരത്തെ പ്രവചിക്കാൻ സാധിച്ചാൽ ഡോക്ടർമാർക്ക് മികച്ച ചികിത്സാരീതി നിർദ്ദേശിക്കാൻ ആയേക്കും. എപിജെനോം വിശകലനത്തിന്റെ ഫലങ്ങൾ പ്രോസ്റ്റേറ്റ് ക്യാൻസറിലെ വ്യത്യാസങ്ങൾ കണ്ടെത്തുക മാത്രമല്ല, രോഗനിർണയത്തിനായി നിലവിലുള്ള ക്ലിനിക്കൽ ഉപകരണങ്ങളും മെച്ചപ്പെടുത്തി. കൂടാതെ പുതിയ കണ്ടെത്തലുകൾ കൂടുതൽ വ്യക്തിഗതമാക്കിയ ക്യാൻസർ ചികിത്സയിലേക്കുള്ള പ്രതീക്ഷ കൂടിയാണ് നൽകുന്നത്.