ന്യൂഡൽഹി: മ്യാൻമറിൽ സായുധ സംഘം ബന്ദികളാക്കിയ ഐടി പ്രൊഫഷണലുകളെ സുരക്ഷിതമായി രാജ്യത്തേക്ക് തിരികെ കൊണ്ടുവരുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചു വരികയാണ്.
ആദ്യ ഘട്ടത്തിൽ 20 ലധികം പേരെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച 16 തമിഴ്നാട് സ്വദേശികളെ കൂടി വിട്ടയച്ചു. ഇതോടെ മ്യാൻമറിൽ നിന്ന് രക്ഷപ്പെടുത്തിയവരുടെ എണ്ണം 50 ആയി.
“ഇന്ത്യൻ സ്ഥാനപതിയുമായി നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ട്. സ്ഥാനപതി കാര്യാലയം പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള അതിവേഗ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായുള്ള എല്ലാ നടപടികളും വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നതിൽ ഒരു സംശയവും വേണ്ട’, വി. മുരളീധരൻ പറഞ്ഞു.