ധാക്ക: ദേശീയ പവർ ഗ്രിഡിലെ തകരാറിനെ തുടർന്ന് ബംഗ്ലാദേശിന്റെ ഭൂരിഭാഗം പ്രദേശവും ഇരുട്ടിൽ. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് സർക്കാർ അധികൃതർ പറഞ്ഞു. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലാണ് പ്രശ്നം ഗുരുതരമെന്ന് ബംഗ്ലാദേശ് പവർ ഡെവലപ്മെന്റ് ബോർഡ് (ബിപിഎൽബി) അധികൃതർ അറിയിച്ചു.
തലസ്ഥാനമായ ധാക്കയിലെയും മറ്റ് വലിയ നഗരങ്ങളിലെയും എല്ലാ വൈദ്യുതി നിലയങ്ങളും തകരാറിലായതായും രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി കണക്ഷനുകൾ തടസ്സപ്പെടുകയും ചെയ്തതായി വൈദ്യുതി വകുപ്പ് വക്താവ് ഷമീം ഹസൻ പറഞ്ഞു.
അതേസമയം എവിടെയാണ് തകരാർ സംഭവിച്ചതെന്ന് കണ്ടെത്താൻ സർക്കാർ എഞ്ചിനീയർമാർ ശ്രമിക്കുകയാണെന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്. വൈദ്യുതി പുനഃസ്ഥാപിക്കാൻ മണിക്കൂറുകൾ എടുക്കുമെന്നാണ് വിവരം.