ബെംഗളുരു: ബി.ജെ.പി ഭരിക്കുന്ന കർണാടകയിൽ വാളേന്തിയുള്ള ഹൈന്ദവ സംഘടനാ പ്രവർത്തകരുടെ റാലിക്കൊപ്പം പൊലീസും. മന്ത്രിയും എം.എൽ.എയും ഉൾപ്പടെ പങ്കെടുത്ത റാലിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. 10,000 ത്തോളം പേരാണ് റാലിയിൽ പങ്കെടുത്തത്. വാളേന്തിയ പ്രവർത്തകർക്കൊപ്പം ഒരു പൊലീസുകാരൻ നടക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
കർണാടകയിലെ ഉഡുപ്പി ജില്ലയിൽ മാസങ്ങളായി വർഗീയ സംഘർഷങ്ങൾ നടക്കുന്നുണ്ട്. ഹിജാബ് നിരോധനവും തുടർന്നുണ്ടായ സംഘർഷങ്ങളും മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ്, മന്ത്രി ഉൾപ്പടെ പങ്കെടുത്ത റാലി. ഹിന്ദു ജാഗരൺ വേദിക് ആണ് റാലി സംഘടിപ്പിച്ചത്. സാംസ്കാരിക മന്ത്രി വി സുനിൽ കുമാർ, എംഎൽഎ രഘുപതി ഭട്ട് എന്നിവർ റാലിയിൽ പങ്കെടുത്തു.
നിരവധി പേരാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, പരാതി ലഭിച്ചിട്ടില്ലെന്നും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്.