കീവ്: റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്വിറ്ററിൽ ആശയം പങ്കുവയ്ക്കുകയും വോട്ടെടുപ്പ് നടത്തുകയും ചെയ്ത് ഇലോൺ മസ്ക്കിനെതിരെ പ്രതിഷേധം. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി, ലിത്വേനിയ പ്രസിഡന്റ് ഗീതനസ് നൗസേദ എന്നിവർ ഉൾപ്പെടെ മസ്കിനെതിരെ രംഗത്തെത്തിയിരുന്നു. റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രെയ്നിലെ 4 മേഖലകളിൽ യുഎൻ മേൽനോട്ടത്തിലുള്ള ഹിതപരിശോധന നടത്തണമെന്നും ഫലം യുക്രെന് അനുകൂലമാണെങ്കിൽ റഷ്യ പിൻമാറണമെന്നും മസ്ക് ആവശ്യപ്പെട്ടു.
2014ൽ റഷ്യ പിടിച്ചെടുത്ത ക്രൈമിയയെ റഷ്യയുടെ ഭാഗമായി ഔദ്യോഗികമായി അംഗീകരിക്കണമെന്നും ക്രൈമിയയിലേക്കുള്ള ജലവിതരണം ഉറപ്പാക്കണമെന്നും യുക്രെയ്ൻ നിഷ്പക്ഷത പാലിക്കണമെന്നും മസ്ക് നിർദ്ദേശിച്ചു. ഈ ആഗ്രഹത്തിന് ‘അതെ’ അല്ലെങ്കിൽ ‘ഇല്ല’ എന്ന് അഭിപ്രായം പറയാൻ അദ്ദേഹം ട്വിറ്റർ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെയാണ് മസ്കിന്റെ മറ്റൊരു വോട്ടെടുപ്പ് കൂടി നടന്നത്. “ഡോൺബാസിലും ക്രൈമിയയിലും താമസിക്കുന്നവർക്കു റഷ്യയുടെ ഭാഗമാകാനാണോ യുക്രെയ്നിന്റെ ഭാഗമാകാനാണോ താൽപര്യമെന്ന് പരിശോധിക്കണം.” മസ്ക് ട്വീറ്റ് ചെയ്തു. ഇതിലും ‘യെസ്’ അല്ലെങ്കിൽ ‘നോ’ രേഖപ്പെടുത്താൻ അദ്ദേഹം ആവശ്യപ്പെട്ടു.