യുക്രൈനെതിരെ യുദ്ധം നയിക്കാന്‍ റഷ്യയില്‍ പ്രസിഡണ്ട് വ്ലാഡ്മിര്‍ പുടിന്റെ നിര്‍ദ്ദേശം ഇറങ്ങിയിരിക്കുകയാണ്. എന്നാല്‍, യുക്രൈന് യുദ്ധത്തില്‍ പങ്കെടുക്കാന്‍ തയ്യാറാവാതെ ജീവനൊടുക്കിയിരിക്കുകയാണ് ഒരു റഷ്യന്‍ റാപ്പര്‍. ‘എന്ത് ആദര്‍ശത്തിന്റെ പേരിലായാലും താന്‍ കൊല്ലാന്‍ തയ്യാറല്ല’ എന്ന് പറഞ്ഞാണ് റാപ്പര്‍ ആത്മഹത്യ ചെയ്തത്.
വാക്കി എന്നറിയപ്പെടുന്ന ഇവാൻ വിറ്റാലിയേവിച്ച് പെറ്റൂണിന്‍ വെള്ളിയാഴ്ചയാണ് ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ക്രാസ്നോദർ നഗരത്തിൽ വെച്ചാണ് ഇവാൻ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. ഇവാന്റെ മരണം കാമുകിയും അമ്മയും സ്ഥിരീകരിച്ചു. പത്താം നിലയിൽ നിന്ന് ചാടിയാണ് ഇവാൻ ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ്, ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ഷൂട്ട് ചെയ്ത് സ്വന്തം ടെലഗ്രാം ചാനലിൽ അദ്ദേഹം പുറത്തുവിട്ടിരുന്നു.
“നിങ്ങൾ ഈ വീഡിയോ കാണുമ്പോൾ, ഞാൻ ജീവനോടെ ഉണ്ടാകില്ല,” 16 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ അദ്ദേഹം പറഞ്ഞു. “കൊലപാതകമെന്ന പാപം എന്റെ ആത്മാവില്‍ വഹിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അത് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ആദര്‍ശത്തിന് വേണ്ടിയും കൊലപാതകം ചെയ്യാന്‍ ഞാന്‍ തയ്യാറല്ല. യുദ്ധത്തിലായാലും അല്ലാതെയും ഒരാളെ കൊല്ലുക എന്നത് ചെയ്യാൻ കഴിയാത്ത കാര്യമാണ്. എന്റെ പ്രിയപ്പെട്ടവര്‍ എന്നോട് പൊറുക്കണം. എന്നാല്‍, ചില സമയം നിങ്ങളുടെ ആദര്‍ശങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ക്ക് മരണം തെരഞ്ഞെടുക്കാം. എന്റെ അവസാനത്തെ തീരുമാനം ഞാന്‍ എങ്ങനെ മരിക്കണം എന്നതാണ്” ഇവാൻ വീഡിയോയിൽ പറഞ്ഞു.