Spread the love

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ന്യൂനപക്ഷകാര്യ മന്ത്രാലയം ഇല്ലാതാക്കാൻ പദ്ധതിയുണ്ടെന്ന മാധ്യമ വാർത്തകൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാർ. ന്യൂനപക്ഷകാര്യ മന്ത്രാലയത്തെ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയവുമായി ലയിപ്പിക്കുമെന്ന് ഡെക്കാൻ ഹെറാൾഡ് പത്രം റിപ്പോർട്ട് ചെയ്തു. ഇതാണ് ഇപ്പോള്‍ കേന്ദ്രം വ്യാജ വാര്‍ത്തയാണെന്ന് പറയുന്നത്.

അത്തരമൊരു തീരുമാനമോ ആലോചനയോ പരിഗണനയിലില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്തു. ഡെക്കാൻ ഹെറാൾഡിനെ ടാഗ് ചെയ്താണ് ട്വീറ്റ്.  2006ൽ യുപിഎ സർക്കാർ രൂപീകരിച്ച ന്യൂനപക്ഷകാര്യ മന്ത്രാലയം ഒഴിവാക്കി സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയവുമായി ലയിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാൽ, സർക്കാർ വൃത്തങ്ങൾ ഈ വാർത്തയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ വിസമ്മതിച്ചുവെന്ന് അവരുടെ തന്നെ റിപ്പോർട്ടിൽ പറയുന്നു. സമൂഹത്തെ ധ്രുവീകരിക്കാനുള്ള ബിജെപിയുടെ മറ്റൊരു ശ്രമമമാണ് ഇതെന്ന് കോൺഗ്രസ് രാജ്യസഭാംഗം സയ്യിദ് നസീർ ഹുസൈൻ വിശേഷിപ്പിച്ചതും ഡെക്കാന്‍ ഹെറാള്‍ഡ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു.

By newsten