തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്കായി സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ദുരന്തത്തിന്റെ ഇരകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ദയാബായിയുടെ സമരം.
ദുരിതബാധിതരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാവുന്ന വ്യക്തി എന്ന നിലയിൽ, അവിടെ എന്താണ് നടക്കുന്നതെന്ന് താൻ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടെന്നും അതിനാലാണ് സഹനസമരത്തിന് തയ്യാറായതെന്നും ദയാബായി പറഞ്ഞു.
എൻഡോസൾഫാൻ ദുരിതബാധിതക്ക് അർഹിക്കുന്ന സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയാണ്. എൻഡോസൾഫാൻ ദുരിതബാധിതർക്കായി അടിയന്തരമായി മെഡിക്കൽ ക്യാമ്പ് നടത്തണം. ആരോഗ്യകരമായ ജീവിതത്തിനായി ക്രമീകരണങ്ങൾ ഒരുക്കുക എന്നത് ഭരണഘടനാപരമാണ്. അത് നിറവേറ്റാൻ സർക്കാർ തയ്യാറാകണമെന്നും ദയാബായി പറഞ്ഞു.