തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിൽ സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നത് സി.പി.ഐ പരസ്യമായി സമ്മതിച്ചു. കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്നും എല്ലാ കാര്യങ്ങളിലും എല്ലാവരും തൃപ്തരല്ലെന്നും അസിസ്റ്റന്‍റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു.
പാർട്ടിയിലെ പ്രായപരിധി സംസ്ഥാന കൗൺസിൽ അംഗീകരിച്ചതാണെന്നും അത് നടപ്പാക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു. ജനറൽ സെക്രട്ടറി ഡി രാജയ്ക്കും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചർച്ചയിൽ കടുത്ത വിമർശനം നേരിടേണ്ടി വന്നു. പൊലീസ്, ആരോഗ്യം, കൃഷി വകുപ്പുകൾക്കെതിരെയാണ് യോഗത്തിൽ വിമർശനമുയർന്നത്. പാവപ്പെട്ട സ്ത്രീക്ക് വേണ്ടി പൊലീസ് സ്റ്റേഷനിൽ വിളിച്ച മന്ത്രി ജി ആർ അനിലിന് പോലും നീതി ലഭിച്ചില്ലെന്ന് പ്രതിനിധികൾ ആരോപിച്ചു. കൃഷിമന്ത്രി പി പ്രസാദിന് നല്ല പ്രതിച്ഛായയുണ്ടെന്നും എന്നാൽ ഭരണപരാജയമാണെന്നും വിമർശനമുയർന്നു.
ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടറായി നിയമിച്ച് ഒടുവിൽ പ്രതിഷേധം ശക്തമായപ്പോൾ റവന്യൂ വകുപ്പിന് പിൻമാറേണ്ടി വന്നത് നാണക്കേടായെന്നും പ്രതിനിധികൾ വിമർശിച്ചു. സിൽവർ ലൈൻ നടപ്പാക്കരുതെന്ന് അഞ്ച് ജില്ലാ കമ്മിറ്റികൾ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച ശേഷം മാത്രമേ പദ്ധതി നടപ്പാക്കൂവെന്ന് കാനം മറുപടി പ്രസംഗത്തിൽ പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനം ഒരു വർഷം മാത്രമെ ആയിട്ടുള്ളൂ എന്നും അഞ്ച് വർഷം കാത്തിരിക്കണമെന്നും കാനം ആവശ്യപ്പെട്ടു.
സമ്മേളനത്തിന്‍റെ നടപടിക്രമങ്ങൾ വിശദീകരിക്കാൻ മാധ്യമങ്ങളെ കണ്ട സി.പി.ഐ നേതൃത്വം വിമർശനങ്ങൾ പരസ്യമായി അംഗീകരിച്ചു. പ്രായപരിധി ദേശീയ കൗൺസിലിന്‍റെ മാർഗനിർദേശം മാത്രമാണെങ്കിലും അത് നടപ്പാക്കണമോ വേണ്ടയോ എന്ന് ഓരോ സംസ്ഥാനത്തിനും തീരുമാനിക്കാമെന്നും അതിനനുസരിച്ച് നടപ്പാക്കാൻ സംസ്ഥാന കൗൺസിൽ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും എതിർപ്പുകൾക്ക് പ്രസക്തിയില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.