മഞ്ചേരി: മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന് അതേപടി പകർത്തുന്നതിന് പകരം, രാരുക്കുട്ടി കൊച്ചു മകന് പേരിട്ടപ്പോൾ ഒരു ചെറിയ മാറ്റം വരുത്തി, മോഹൻദാസിന്റെ ദാസനും കരംചന്ദ് ഗാന്ധിയുടെ ഗാന്ധിയും ചേർത്ത് ഒരു പേര് നൽകി – ഗാന്ധി ദാസൻ. എന്നാൽ നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഈ നാട്ടിൻപുറത്ത്കാരൻ കഴിഞ്ഞ 58 വർഷമായി ഗാന്ധിയാണ്. എടവണ്ണപ്പാറ എളമരം സ്വദേശിയും മഞ്ചേരി നഗരസഭയിലെ ശുചീകരണ തൊഴിലാളിയുമാണ് ഗാന്ധി ദാസൻ.
ആളുകൾ പേര് ചോദിക്കുമ്പോഴും വിലാസം നൽകുമ്പോഴും ഗാന്ധി ദാസൻ എന്നു പറയുമ്പോൾ പേരിന്റെ പിന്നിലെ കഥ അറിയാനാണ് എല്ലാവർക്കും താൽപര്യം. ഗാന്ധിജിയെ കണ്ടിട്ടുണ്ടോ, ഗാന്ധി കുടുംബവുമായി ബന്ധമുണ്ടോ, ഗാന്ധിയനാണോ എന്ന് തുടങ്ങി ചോദ്യങ്ങളും സംശയങ്ങളും പോർബന്തർ കടന്ന് ദക്ഷിണാഫ്രിക്കയിലെത്തും. താൻ ഗാന്ധിയനോ ഗാന്ധി കുടുംബാംഗമോ അല്ലെന്ന് ഇദ്ദേഹം പറയുന്നു. അമ്മയുടെ അച്ഛൻ രാരുക്കുട്ടി നായർ ആണ് പേരിട്ടത്. സമൂഹത്തിലെ അസമത്വങ്ങൾക്കെതിരെയാണ് ഗാന്ധിജി ചൂലെടുത്തതെങ്കിൽ, ഗാന്ധി ദാസൻ ദിവസവും ചൂലെടുക്കുന്നത് മഞ്ചേരി നഗരത്തിന്റെ മാലിന്യം നീക്കാനാണ്. കഴിഞ്ഞ 20 വർഷമായി മഞ്ചേരി നഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും ചൂലുമായി ഈ ഗാന്ധി കർമ്മനിരതനാണ്.