കാൺപൂർ: കേടായ ഒരു ഓക്സിമീറ്റർ കാരണം യുവാവിന്റെ മൃതദേഹം സംസ്കരിക്കാതെ വീട്ടിൽ സൂക്ഷിച്ചത് 18 മാസം. ഒരു ആദായനികുതി ജീവനക്കാരന്റെ മൃതദേഹമാണ് 18 മാസത്തോളം സംസ്കരിക്കാതെ വീട്ടിൽ സൂക്ഷിച്ചത്. കാണ്‍പൂരിലാണ് സംഭവം.
വീട്ടിൽ ഉണ്ടായിരുന്നത് ഒരു കേടായ ഓക്സിമീറ്റർ ആയിരുന്നു. അതുവെച്ചാണ് രാം ദുലാരി എന്ന സ്ത്രീ തന്റെ മകൻ വിംലേഷ് ജീവനോടെയുണ്ടെന്ന് തെറ്റിദ്ധരിച്ചത്. ആ ഓക്സിമീറ്റർ എപ്പോഴും വിംലേഷിന്റെ വിരലിൽ വച്ചിരുന്നു. അതിൽ റീഡിംഗും കാണിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ദുലാരി തന്റെ മകൻ ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിച്ചത്. രാം ദുലാരി മാത്രമല്ല, കുടുംബവും അങ്ങനെ വിശ്വസിച്ചു. അസുഖമായി കിടന്ന കാലത്ത് പരിചരിച്ചിരുന്ന പോലെ മൃതദേഹം പരിചരിച്ചു എന്നും പൊലീസിന്റെ റിപ്പോർട്ട് പറയുന്നു. വിംലേഷിന്റെ അമ്മ അന്ധവിശ്വാസിയാണെന്നും പറയപ്പെടുന്നു.
സംഭവമറിഞ്ഞെത്തിയ പൊലീസ് വിംലേഷിന്റെ വീട്ടിൽ പരിശോധന നടത്തി. പ്രത്യേകിച്ച് വിംലേഷ് കിടന്നിരുന്ന മുറി വിശദമായി പരിശോധിച്ചു. കൂടാതെ വീട്ടിലെ ഓരോരുത്തരെയും വെവ്വേറെ ചോദ്യം ചെയ്യുകയും ചെയ്തു. വിംലേഷ് മരിച്ചു എന്ന് തനിക്ക് അറിയാമായിരുന്നു എന്ന് ഭാര്യ മിതാലി ദിക്ഷിത് പറഞ്ഞു. എന്നാൽ, അത് വീട്ടിലെ മറ്റുള്ളവരോട് പറഞ്ഞപ്പോൾ അവരത് വിശ്വസിക്കാൻ തയ്യാറായില്ല. മാത്രമല്ല, വിംലേഷ് മരിച്ചു എന്ന് പറഞ്ഞതിന് തന്നെ അവർ കുറ്റപ്പെടുത്തുകയും ചെയ്തു എന്ന് മിതാലി പറഞ്ഞു.