തിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ പാർട്ടി ഭേദമന്യേ നിരവധി നേതാക്കൾ ആണ് അനുശോചനം രേഖപ്പെടുത്തിയത്. രാഷ്ട്രീയമായി എതിർ ചേരിയില്‍ നിന്നപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ച കോടിയേരി ബാലകൃഷ്ണൻ എല്ലാവർക്കും സ്വീകാര്യനായ നേതാവായിരുന്നുവെന്നും തന്‍റെ സ്നേഹപൂർണമായ ഇടപെടലിലൂടെ അദ്ദേഹം എല്ലാവരുടെയും ആദരവ് നേടിയെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരിച്ചു. കലാലയ രാഷ്ട്രീയത്തിലൂടെ ക്രമേണ ഉയർന്ന് സി.പി.എമ്മിന്‍റെ ഉന്നത പദവിയിലെത്തുകയും എം.എൽ.എ, മന്ത്രി സ്ഥാനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത കോടിയേരി ഏറെ ജനപ്രിയനായിരുന്നു. അദ്ദേഹത്തിന്‍റെ അകാല വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തോടെ ശക്തനായ നേതാവിനെയാണ് സി.പി.എമ്മിന് നഷ്ടമായതെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുമ്പോൾ തന്നെ കോടിയേരിയുമായി ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റേത് പാർട്ടിക്ക് വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു. മായാത്ത പുഞ്ചിരിയോടെ, സൗഹാർദ്ദപരമായി പെരുമാറുന്ന കോടിയേരിക്ക് മറ്റ് പാർട്ടികളിലും നിരവധി സുഹൃത്തുക്കൾ ഉണ്ടായിരുന്നു. മന്ത്രിയെന്ന നിലയിലും മികച്ച പ്രവർത്തനമാണ് അദ്ദേഹം നടത്തിയതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അർബുദ ബാധിതനായിരുന്നു അദ്ദേഹം. അർബുദത്തിന് പുറമെ മറ്റ് ചില ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കു ചെന്നൈയിലേക്ക് പോയത്.