തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ആതിഥേയത്വം വഹിച്ചപ്പോൾ കോളടിച്ചത് കുടുംബശ്രീക്ക്. സ്റ്റേഡിയത്തിലെ വിവിധ ഫുഡ് കോർട്ടുകൾ വഴി ഭക്ഷണം വിതരണം ചെയ്ത കുടുംബശ്രീ യൂണിറ്റുകൾക്ക് ഒറ്റ ദിവസം കൊണ്ട് 10.25 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായി.
40,000 ത്തോളം കാണികളെ കൂടാതെ മാച്ച് ഒഫീഷ്യല്‍സ്, ഗ്രൗണ്ട് സ്റ്റാഫ്, പോലീസ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കും കുടുംബശ്രീ യൂണിറ്റുകൾ ഭക്ഷണം വിതരണം ചെയ്തു. ഓര്‍ഡര്‍ ലഭിച്ചത് പ്രകാരം 3,000 പേർക്കും പുറമെ 5,000 പേർക്കും കുടുംബശ്രീയുടെ ഫുഡ് കോർട്ട് വഴി ഭക്ഷണം വിതരണം ചെയ്തു.
കുടുംബശ്രീ യൂണിറ്റുകളുടേതായി സ്റ്റേഡിയത്തിന്‍റെ ടെറസ് പവിലിയനു സമീപം പന്ത്രണ്ട് ഫുഡ് കൗണ്ടറുകളാണ് ഉണ്ടായിരുന്നത്. മത്സരം തുടങ്ങുന്നതിന് മുമ്പ് സ്റ്റേഡിയത്തിനു വെളിയില്‍ മണിക്കൂറുകള്‍ ക്യൂ നിന്ന് അകത്ത് കടന്ന കാണികള്‍ക്ക് ചെറിയ നിരക്കില്‍ രുചികരമായ ഭക്ഷണവും പാനീയങ്ങളും ലഭിച്ചത് ഏറെ സഹായകമായി.