കെയ്റോ: വീണ്ടും വിവാഹം കഴിച്ച ഭര്‍ത്താവിനെ കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി യുവതി. ഈജിപ്തിലാണ് സംഭവം. ഈജിപ്ഷ്യൻ യുവതി ഫാർമസിസ്റ്റായ ഭർത്താവിനെ വീട്ടുകാരുടെ സഹായത്തോടെയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം.
സംഭവം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു ചിലരുടെ അഭിപ്രായം. ഈജിപ്തിന് പുറത്ത് ജോലി ചെയ്തിരുന്ന യുവാവ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. രണ്ടാമതും വിവാഹിതനായതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതിനെ എതിർത്ത യുവതി പിതാവിനെയും സഹോദരൻമാരെയും വിവരം അറിയിച്ച് വീട്ടിലേക്ക് വിളിക്കുകയായിരുന്നു.
രണ്ടാം ഭാര്യയുമായി ബന്ധം വേർപെടുത്താൻ അവർ ആവശ്യപ്പെട്ടു. എന്നാൽ, യുവാവ് അത് നിരസിച്ചതോടെ പിതാവും സഹോദരങ്ങളും മറ്റ് ചിലരും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് എറിയുകയുമായിരുന്നു. യുവാവിൻ്റെ മകന്റെ കണ്മുന്നിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.