Spread the love

മയിലാടുതുറ: കേരളത്തിലെ തെരുവുനായകളുടെ ശല്യം പോലെ തമിഴ്നാട്ടിലെ ചില ഗ്രാമങ്ങൾ കുരങ്ങുകളെ കൊണ്ട് സഹികെട്ടിരിക്കുകയാണ്. നൂറുകണക്കിന് കുരങ്ങുകൾ പെറ്റുപെരുകി മനുഷ്യർക്ക് ജീവിക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ് മയിലാടുതുറയിലെ ചിറ്റമല്ലി ഗ്രാമം. സഹികെട്ട് കുരങ്ങുപിടുത്തക്കാരുടെ സഹായം തേടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.

മയിലാടുതുറ മണവേലിത്തെരുവിലെ കൊല്ലത്തെരു, തോപ്പുത്തെരു, പെരിയത്തെരു എന്നീ പ്രദേശങ്ങളിലെല്ലാം മനുഷ്യരും കുരങ്ങന്മാരും തമ്മിലുള്ള നിരന്തര സംഘർഷം തുടങ്ങിയിട്ട് അഞ്ചു വർഷത്തിലേറെയായി. കുരങ്ങുകളെത്തി വിളകൾ നശിപ്പിക്കും, വീടുകളുടെ ഓടിളക്കി എറിയും, വീടിനകത്ത് കയറി ഭക്ഷണം എടുത്തു തിന്നും. കുട്ടികളെ ഭയപ്പെടുത്തും. കടി കിട്ടിയാൽ ആശുപത്രിയിലും കയറിയിറങ്ങണമെന്ന അവസ്ഥയിലാണ് ഈ ഗ്രാമവാസികൾ.

ആദ്യകാലത്ത് ചിറ്റമല്ലിയിൽ കുറച്ചു കുരങ്ങുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ഇവ പെറ്റുപെരുകിയതോടെ നാട്ടുകാരുടെ കഷ്ടകാലം ആരംഭിച്ചു. കുരുങ്ങുശല്യം തടയാൻ നാട്ടുകാർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പരാജയപ്പെടുകയായിരുന്നു. ഗ്രാമസഭയിലും പഞ്ചായത്ത് ഓഫീസിലും പരാതി നൽകി മടുത്തിരിക്കുകയാണ് ഗ്രാമവാസികൾ. ഒടുവിൽ കളക്ടറുടെ പരാതി പരിഹാര അദാലത്തിൽ വീട്ടമ്മമാർ കൂട്ടത്തോടെ എത്തി പരാതി പറഞ്ഞതോടെ അദ്ദേഹത്തിന്റെ നിർദേശപ്രകാരം വനംവകുപ്പ് ഗ്രാമത്തിൽ കൂടുകൾ സ്ഥാപിച്ചു.

ആദ്യ ദിവസം 12 കുരങ്ങുകളാണ് കെണിയിലായത്. ഇവയെ ദൂരെ നാട്ടുകാർക്ക് ശല്യമാവാത്ത എവിടെയെങ്കിലും തുറന്നുവിടാനാണ് പദ്ധതി. ഏതായാലും കുരങ്ങുപിടുത്തം തുടങ്ങിയതിന്‍റെ ആശ്വാസത്തിലാണ് ചിറ്റമല്ലി ഗ്രാമവാസികൾ.

By newsten