ചെന്നൈ: ഗാന്ധിജയന്തി ദിനത്തിൽ ആർഎസ്എസിന്റെ റൂട്ട് മാർച്ച് തടഞ്ഞ തമിഴ്നാട് സർക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി ശരിവച്ചു. റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചതിനെതിരെ ആർഎസ്എസ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ നിലപാട് കോടതി ശരിവച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ തുടർന്ന് സാമുദായിക സംഘർഷങ്ങൾക്ക് സാധ്യതയുള്ളതിനാലാണ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ വിശദീകരണം കണക്കിലെടുത്താണ് ഒക്ടോബർ രണ്ടിന് പകരം നവംബർ ആറിന് റൂട്ട് മാർച്ച് നടത്താമെന്ന് കോടതി ആർഎസ്എസിന് നിർദേശം നൽകിയത്. ഇതിന് സർക്കാർ അനുമതി നൽകിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദേശം നിലനിൽക്കെ കേരളം അനുമതി നൽകിയെന്ന് ആർഎസ്എസ് ചൂണ്ടിക്കാണിച്ചെങ്കിലും കോടതി ഈ വാദം മുഖവിലയ്ക്കെടുത്തില്ല. മഹാത്മാഗാന്ധിയുടെ ജനനമാണ് ആഘോഷിക്കുന്നതെന്ന് ആർഎസ്എസ് അഭിഭാഷകൻ വാദിച്ചു. എന്നാൽ ഗാന്ധിജയന്തി ആഘോഷിക്കാൻ ഗോഡ്സെയുടെ പിൻഗാമികൾക്ക് എന്ത് അവകാശമാണുള്ളതെന്ന് സർക്കാർ അഭിഭാഷകൻ ചോദിച്ചു.
ഗാന്ധിജയന്തി ദിനത്തിൽ ആർഎസ്എസ് പ്രഖ്യാപിച്ച റൂട്ട് മാർച്ചിന് തമിഴ്നാട് സർക്കാർ ഇന്നലെയാണ് അനുമതി നിഷേധിച്ചത്. റൂട്ട് മാർച്ച് നടത്താൻ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ അനുമതി നിലനിൽക്കെ ആണ് നടപടി. സുരക്ഷാ ആശങ്കകളുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നടപടി. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ റൂട്ട് മാർച്ചിന് അനുമതി നൽകാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കി. സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ആർഎസ്എസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നേരത്തേ തിരുവള്ളൂർ ജില്ലയിലെ റൂട്ട് മാർച്ചിന് ജില്ലാ പൊലീസ് മേധാവി അനുമതി നിഷേധിച്ചിരുന്നു. തമിഴ്നാട് ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും ആർഎസ്എസ് വക്കീൽ ഇതിനെതിരെ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തുടനീളം റൂട്ട് മാർച്ചിൻ അനുമതി നിഷേധിച്ച് സർക്കാർ ഉത്തരവിറക്കിയത്.