ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇന്ത്യ മോട്ടോ ജിപി ബൈക്ക് റേസിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. 2023 ൽ ഇന്ത്യ മോട്ടോ ജിപിക്ക് ആതിഥേയത്വം വഹിക്കും. ഉത്തർ പ്രദേശിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിലാണ് മത്സരം നടക്കുക.
ഫോർമുല വൺ റേസ് നടത്തി ഇതിനകം തന്നെ ലോക ശ്രദ്ധ ആകർഷിച്ച ഒരു റേസ് ട്രാക്കാണ് ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട്. 2011 ലും 2013 ലും ഫോർമുല വൺ റേസുകൾക്ക് ബുദ്ധ് സർക്യൂട്ട് ആതിഥേയത്വം വഹിച്ചിരുന്നു.
200 ദശലക്ഷത്തിലധികം മോട്ടോർ സൈക്കിളുകൾ ഉള്ള ഇന്ത്യയിൽ മോട്ടോ ജിപിയുടെ വരവോടെ, ഇരുചക്രവാഹന വിപണിയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്ന് അധികൃതർ കണക്കാക്കുന്നു. കായിക മന്ത്രി അനുരാഗ് ഠാക്കൂർ മോട്ടോ ജിപി മത്സരം നടക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.