മോസ്കോ: യുക്രെയ്നിലെ റഷ്യൻ അധിനിവേശ മേഖലകൾ വെള്ളിയാഴ്ച ഔദ്യോഗികമായി റഷ്യയോടു കൂട്ടിച്ചേർക്കുമെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ വക്താവ് സ്ഥിരീകരിച്ചു. ഗ്രാൻഡ് ക്രെംലിൻ കൊട്ടാരത്തിലെ ജോർജിയൻ ഹാളിലാണ് പുതിയ മേഖലകളെ റഷ്യയിലേക്കു കൂട്ടിച്ചേർക്കുന്ന ചടങ്ങ് നടക്കുക.
യുക്രെയ്നിലെ ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഹേഴ്സൻ, സാപൊറീഷ്യ എന്നീ പ്രദേശങ്ങൾ റഷ്യൻ സൈന്യം പിടിച്ചെടുത്തിരുന്നു. ഈ മേഖലകളിൽ ഹിതപരിശോധന നടന്നപ്പോൾ ജനങ്ങൾ റഷ്യയിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ചുവെന്നും പുടിൻ പറഞ്ഞു. മേഖലയിലെ ചില പ്രദേശങ്ങൾ റഷ്യൻ അനുകൂലികളുടെ കൈകളിലായിരുന്നു. ഈ നേതാക്കൾ പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കും.
ക്രൈമിയ പിടിച്ചടക്കി എട്ട് വർഷത്തിന് ശേഷമാണ് 4 പ്രദേശങ്ങൾ കൂടി പിടിച്ചെടുക്കാൻ റഷ്യ ശ്രമിക്കുന്നത്. അതേസമയം, കൂട്ടിച്ചേർക്കുന്ന പുതിയ പ്രദേശങ്ങളെ റഷ്യയുടെ ഭാഗമായി അംഗീകരിക്കില്ലെന്ന് ജി–7 ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ വ്യക്തമാക്കി. കൂടുതൽ സൈനിക സഹായം വേണമെന്ന് യുക്രെയ്നും ആവശ്യപ്പെട്ടു.