ന്യൂഡല്‍ഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ സിംഗ് ഇന്ന് നാമനിർദ്ദേശ പത്രിക വാങ്ങി. നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ ശശി തരൂരും ദിഗ്വിജയ് സിംഗും തമ്മിലാണ് മത്സരം. എന്നാൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മത്സരരംഗത്ത് നിന്ന് പിൻമാറിയോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
ഒക്ടോബർ 17ന് നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ചയാണ്. കേരളത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്ര നടത്തുകയായിരുന്ന ദിഗ്വിജയ് സിംഗ് ബുധനാഴ്ച വൈകിട്ടാണ് ഡൽഹിയിലെത്തിയത്. അദ്ദേഹം പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം.
അതേസമയം, തനിക്കുള്ള പിന്തുണ വർദ്ധിക്കുകയാണെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു. പ്രശസ്ത ഉറുദു കവി മജ്റൂഹ് സുല്‍ത്താന്‍പുരിയുടെ വരികളാണ് ഇതിനായി തരൂര്‍ പങ്കുവെച്ചത്. ”ഞാന്‍ ഒറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് നടന്ന് തുടങ്ങി, ആളുകള്‍ അതിനൊപ്പം ചേര്‍ന്നു, ഒരാള്‍ക്കൂട്ടമായി മാറി” എന്ന വരികളാണ് തരൂര്‍ പങ്കുവെച്ചത്.