ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങൾ ഇടം നേടിയിട്ടുണ്ട്. ഗ്ലോബൽ ട്രാവൽ ഇൻഫർമേഷൻ കമ്പനിയായ ഒഎജി നടത്തിയ സർവേ പ്രകാരം, 2022 ലെ മികച്ച 50 അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിമാനത്താവളങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡൽഹി, മുംബൈ, ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളങ്ങൾ പട്ടികയിലുണ്ട്. ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും വലിയ മെഗാ ഹബ്ബായി ഡൽഹിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ജപ്പാനിലെ ഹനേദ വിമാനത്താവളമാണ് രണ്ടാം സ്ഥാനത്ത്.
സർവേയിൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം പതിമൂന്നാം സ്ഥാനത്താണ്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളം 24-ാം സ്ഥാനത്താണ്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം 45-ാം സ്ഥാനത്താണ്. നേരത്തെ 2019ൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം സർവേയിൽ 35-ാം സ്ഥാനത്തായിരുന്നു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളം 51-ാം സ്ഥാനത്തും ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം 90-ാം സ്ഥാനത്തുമാണ്.