ന്യൂഡല്‍ഹി: യമുനാ നദിയിലെ ജലനിരപ്പ് അപകടനിലക്ക് മുകളിലേക്ക് എത്തിയ സാഹചര്യത്തിൽ ഡൽഹി സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ ജലനിരപ്പ് ഇനിയും ഉയരുമെന്ന് കേന്ദ്ര ജലകമ്മീഷൻ അറിയിച്ചു. ഹരിയാനയിലെ ഹത്നി കുണ്ഡ് ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ കൂടുതൽ വെള്ളം തുറന്നുവിട്ടതാണ് യമുനയിലെ ജലനിരപ്പ് ഉയരാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.
ഇന്നലെ പുലർച്ചെ ഒരു മണിയോടെ ജലനിരപ്പ് 204.5 മീറ്റർ എന്ന അപകട നിലയിലെത്തി. ഇന്നലെ രാത്രിയോടെ ജലനിരപ്പ് 205 മീറ്ററായി ഉയർന്നു. യമുനാ നദിയുടെ തീരപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണെങ്കിലും സർക്കാർ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടില്ല. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് കിഴക്കൻ ഡൽഹി ജില്ലാ മജിസ്ട്രേറ്റ് അനിൽ ബങ്ക പറഞ്ഞു. ഇതിനായി വാഹനങ്ങളിൽ പ്രത്യേക അനൗൺസ്മെന്റ് നടത്തുന്നുണ്ട്.
നദിയിലെ ജലനിരപ്പ് ഇന്ന് 206 മീറ്ററായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 205.3 മീറ്റർ കടന്നാൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകും. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, വടക്കൻ ഉത്തർപ്രദേശ്, ഡൽഹി തുടങ്ങിയ നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്ത കനത്ത മഴയാണ് ജലനിരപ്പ് പൊടുന്നനെ ഉയരാൻ കാരണമായത്. ഏകദേശം 37,000 ആളുകൾ യമുനാ നദിയുടെ തീരത്ത് താമസിക്കുന്നുണ്ടെന്നാണ് കണക്ക്. നദിയുടെ തീരത്ത് ധാരാളം കൃഷിയിടങ്ങളുണ്ട്. ജലനിരപ്പ് വലിയ തോതിൽ ഉയർന്നാൽ ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പ്രത്യേക കണ്ട്രോൾ റൂം പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.