കണ്ണൂര്‍: മുസ്‌ലിം സമുദായത്തിന്റെ സ്വത്ത് കൊള്ളയടിക്കുക എന്നതാണ് ഇന്ന് ലീഗ് നേതാക്കളുടെ മുഖ്യ തൊഴിലെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ കല്ലായിക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലിയില്‍ പ്രധാന പ്രാസംഗികനായിരുന്നു കല്ലായി. അവിടെ വെച്ച് മന്ത്രി മുഹമ്മദ് റിയാസിനെതിരെ നടത്തിയ ആക്ഷേപകരമായ പ്രസംഗം ആരും മറക്കാനിടയില്ല. കാസര്‍ഗോഡ് ലീഗ് എം.എല്‍.എ ആയിരുന്ന ഒരു മാന്യന്‍ നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയാണെന്നും ജയരാജന്‍ വിമര്‍ശിച്ചു.
തളിപ്പറമ്പ് മഹല്ല് കമ്മിറ്റി എത്രയോ കാലമായി ലീഗ് നിയന്ത്രണത്തിലാണ്. അവിടെ വഖഫ് ചെയ്യപ്പെട്ട 600 ല്‍ അധികം ഏക്കര്‍ ഭൂമിയില്‍ 500 ഏക്കര്‍ ഭൂമിയും നിലനില്‍ക്കുന്നില്ല. പ്രസ്തുത ഭൂമി പല ലീഗ് നേതാക്കളുടെയും കൈവശമാണെന്നും ജയരാജന്‍ ആരോപിച്ചു.