Spread the love

തിരുവനന്തപുരം: വിദ്യാർത്ഥി കണ്‍സഷന് അപേക്ഷിക്കാനെത്തിയ അച്ഛനെയും മകളെയും മകളുടെ സുഹൃത്തിനെയും മർദ്ദിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി കാട്ടാക്കട യൂണിറ്റിലെ ജീവനക്കാരെ ന്യായീകരിച്ച് സി.ഐ.ടി.യു.

കാട്ടാക്കടയിലെ അക്രമം ദൗർഭാഗ്യകരമായ സംഭവമാണെന്നും എന്നാൽ ജീവനക്കാർ ആരെയും മർദ്ദിച്ചിട്ടില്ലെന്നും അവരെ തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും കെ.എസ്.ആർ.ടി.സി സി.ഐ.ടി.യു യൂണിയൻ നേതാവ് സി.കെ ഹരികൃഷ്ണൻ പറഞ്ഞു. യാത്രാ കണ്‍സെഷന് അപേക്ഷിക്കാൻ കാട്ടാക്കടയിലെത്തിയ അച്ഛനെയും മകളെയും കെ.എസ്.ആർ.ടി.സി ജീവനക്കാർ മര്‍ദ്ദിച്ചിട്ടില്ല, തള്ളിമാറ്റുകയാണ് ഉണ്ടായത്. പക്ഷേ, അതുപോലും സംഭവിക്കാൻ പാടില്ലായിരുന്നു. ഓഫീസിലുണ്ടായിരുന്ന വനിതാ ജീവനക്കാരോട് പോലും പ്രേമനൻ അപമര്യാദയായി സംസാരിച്ചെന്നും ഹരികൃഷ്ണൻ പറഞ്ഞു. 

കാട്ടാക്കടയിൽ തന്നെയും മകളെയും ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെതിരെ പ്രേമനൻ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി. പ്രതികൾക്കെതിരെ എസ്.സി/എസ്.ടി പീഡന വകുപ്പ് ചുമത്തണമെന്ന് പ്രേമനൻ ആവശ്യപ്പെട്ടു. പ്രതികളെ ഉടൻ പിടികൂടാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രേമനൻ പറഞ്ഞു. അതേസമയം, കേസിലെ നാലാം പ്രതി അജികുമാറിനെ കെഎസ്ആർടിസി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

By newsten