ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് ലോക വ്യാപാര സംഘടന ഡയറക്ടർ ജനറൽ ഗോസി ഒകോഞ്ചോ ഇവേല. ജനീവയിൽ ലോകവ്യാപാര സംഘടനയുടെ വാർഷിക സമ്മേളനത്തിൽ സംസാരിക്കവെയാണ് ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്.
ആഗോളതലത്തിലെ സാമ്പത്തിക സൂചികകൾ നല്ല സൂചനകൾ നൽകുന്നില്ലെന്ന് ഗോസി ഒകോഞ്ചോ ചൂണ്ടിക്കാട്ടി. വിവിധ കാരണങ്ങളാൽ വരുന്ന മാന്ദ്യത്തെ നേരിടാൻ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന സമൂലമായ മാറ്റങ്ങൾ ആവശ്യമാണെന്നും അവർ പറഞ്ഞു.
ആഗോള സാമ്പത്തിക മാന്ദ്യത്തിന് നാല് കാരണങ്ങളാണ് ഗോസി ഒകോഞ്ചോ ചൂണ്ടിക്കാണിച്ചത്. യുക്രൈനിലെ റഷ്യയുടെ അധിനിവേശം, കടുത്ത വിലക്കയറ്റവും പണപ്പെരുപ്പവും, ഇന്ധനക്ഷാമം, കാലാവസ്ഥാ വ്യതിയാനം എന്നിവയാണത്. അതേസമയം, കോവിഡ് തീർത്ത പ്രതിസന്ധി മാറാത്തതും മാന്ദ്യത്തിന്‍റെ വേഗത കൂട്ടും.