ന്യൂഡല്‍ഹി: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശവസംസ്കാരച്ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച ടോക്കിയോയിൽ നടന്ന ചടങ്ങിലാണ് നിരവധി ലോകനേതാക്കൾക്കൊപ്പം പ്രധാനമന്ത്രിയും പങ്കുചേർന്നത്. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മോദി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിൽ ഷിൻസോ ആബെ നടത്തിയ ഇടപെടലുകളെ പ്രധാനമന്ത്രി അനുസ്മരിച്ചു.
ഷിൻസോ ആബെയുടെ ശവസംസ്കാരച്ചടങ്ങുകൾ വിപുലമായി നടത്തുന്നതിനെതിരെ വലിയ ജനരോഷം ഉയർന്നിരുന്നു. പൊതുഖജനാവിൽ നിന്ന് വൻതോതിൽ പണം ചെലവഴിച്ച് ചടങ്ങുകൾ നടത്തുന്നതിനെതിരെയായിരുന്നു വിമർശനം. ചടങ്ങുകൾക്കായി ഒരു കോടി രൂപയാണ് വകയിരുത്തിയത്. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനവും പൊതുചടങ്ങിന് എതിരെയായിരുന്നു എന്ന സർവേ ഫലങ്ങൾ പുറത്ത് വന്നിരുന്നു.