ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും റെയ്ഡ്. എട്ട് സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡിൽ 176 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും നേതാക്കളെയും കസ്റ്റഡിയിലെടുത്തു. അസം, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.
കഴിഞ്ഞ റെയ്ഡിനെ തുടർന്നുണ്ടായ അക്രമാസക്തമായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടും നേരത്തെ അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് രണ്ടാം ഘട്ട റെയ്ഡ് നടത്തിയത്. എൻ.ഐ.എ മാത്രമല്ല, സംസ്ഥാന പൊലീസും പലയിടത്തും റെയ്ഡിന്റെ ഭാഗമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ കസ്റ്റഡിയിൽ എടുക്കുമെന്നാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന സൂചന.
കർണാടകയിൽ മാത്രം 45 പേരെ കസ്റ്റഡിയിലെടുത്തു. റെയ്ഡിൽ മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്കുകളും ഉൾപ്പെടെ നിരവധി നിർണായക തെളിവുകൾ എൻഐഎയ്ക്ക് ലഭിച്ചതായാണ് വിവരം.