മോസ്കോ: യുഎസ് ദേശീയ സുരക്ഷാ ഏജൻസിയിൽ (എൻഎസ്എ) നിന്ന് രഹസ്യവിവരങ്ങൾ ചോർത്തിയ കേസിൽ റഷ്യയിൽ രാഷ്ട്രീയ അഭയം തേടിയ എഡ്വേർഡ് സ്നോഡന് റഷ്യ പൗരത്വം നൽകി. 72 വിദേശികൾക്ക് പൗരത്വം നൽകി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഒപ്പിട്ട ഉത്തരവിലാണ് 39 കാരനായ സ്നോഡന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്.
2020 ൽ സ്നോഡന് റഷ്യയിൽ സ്ഥിരതാമസം അനുവദിച്ചു. ഇതിന് പിന്നാലെയാണ് സ്നോഡൻ പൗരത്വത്തിന് അപേക്ഷ നൽകിയത്. സ്നോഡന്റെ ഭാര്യ ലിൻസെ മിൽസ് നേരത്തെ റഷ്യൻ പൗരത്വത്തിന് അപേക്ഷ നൽകിയിരുന്നു.
അമേരിക്ക ലോകമാകെ സൈബർ ചാരവൃത്തി നടത്തുന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയ സ്നോഡൻ 2013ലാണ് റഷ്യയിലെത്തിയത്. യുഎസ് പൗരൻമാർക്കെതിരെ എൻഎസ്എ ഏജന്റുമാർ വ്യാപകമായ നിരീക്ഷണം നടത്തുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന വിവരങ്ങളാണ് സ്നോഡൻ പുറത്തുവിട്ടത്. അതിനുശേഷം, യുഎസ് രഹസ്യാന്വേഷണ ഏജൻസിയെ ഞെട്ടിച്ച ചാരവൃത്തിയുടെ പേരിൽ സ്നോഡനെ പ്രോസിക്യൂട്ട് ചെയ്യാൻ യുഎസ് ശ്രമിച്ചുവരികയാണ്.