Spread the love

പട്യാല: പഞ്ചാബ് മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദു ജയിലിൽ മൗനവ്രതത്തില്‍. തർക്കത്തെ തുടർന്ന് ഒരാളെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരു വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് സിദ്ദു. നവരാത്രിയോടനുബന്ധിച്ച് ഒമ്പത് ദിവസം സിദ്ദു മൗനവ്രതത്തില്‍ പങ്കെടുക്കുമെന്ന് നവജ്യോത് സിംഗ് സിദ്ദുവിന്‍റെ ഭാര്യ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

സിദ്ദുവിന്‍റെ ഭാര്യ തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 34 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് തർക്കത്തിന്‍റെ പേരിൽ ഒരാളെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ സിദ്ദുവിനെ സുപ്രീം കോടതി ശിക്ഷിച്ചത്. 1988 ഡിസംബർ 27ന് പട്യാല സ്വദേശിയായ ഗുർനാം സിങ്ങിനെ സിദ്ദുവും സുഹൃത്തും ചേർന്ന് മർദ്ദിക്കുകയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

1999ൽ പഞ്ചാബിലെ സെഷൻസ് കോടതിയാണ് സിദ്ദുവിനെ കുറ്റവിമുക്തനാക്കിയത്. സംഭവത്തിന് തെളിവില്ലെന്ന വാദം അംഗീകരിച്ചാണ് നടപടി. ഇതിനെതിരെ മരിച്ചവരുടെ ബന്ധുക്കൾ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇരുവിഭാഗത്തിന്‍റെയും വാദം കേട്ട കോടതി, കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കുകയും സിദ്ദുവിനെ മൂന്ന് വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.

By newsten