കൊച്ചി: ഇന്നലെ കലൂരിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ അറസ്റ്റ് രേഖപെടുത്തി. മുഖ്യപ്രതികളിലൊരാളായ അഭിഷേക് ജോണാണ് അറസ്റ്റിലായത്. ഇയാൾ തിരുവനന്തപുരം അമ്പൂരി സ്വദേശിയാണ്. കൊല്ലപ്പെട്ട രാജേഷിനെയും സഹപ്രവർത്തകരെയും ആക്രമിച്ച രണ്ട് പേരിൽ ഒരാളാണ് ഇയാൾ. അഭിഷേകിന്റെ കൂട്ടാളിയായ കാസർകോട് സ്വദേശി മുഹമ്മദാണ് കേസിലെ ഒന്നാം പ്രതി. ഇയാൾ ഇപ്പോഴും ഒളിവിലാണ്. കേസിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാളെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു.
രാജേഷിന്റെ കൊലപാതകം ആസൂത്രിതമല്ലെന്നും പെട്ടെന്നുള്ള പ്രകോപനമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും കൊച്ചി സിറ്റി പൊലീസ് ഡിസിപി എസ് ശശിധരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി കലൂരിൽ ഗാനമേളക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒന്നര മാസത്തിനിടെ കൊച്ചി നഗര ഹൃദയത്തിലുണ്ടാകുന്ന ആറാമത്തെ കൊലപാതകമാണിത്. എറണാകുളം പള്ളുരുത്തി സ്വദേശി രാജേഷാണ് മരിച്ചത്. ഇന്നലെ രാത്രി കലൂർ സ്റ്റേഡിയത്തിന് സമീപം ഒരു സ്വകാര്യ കമ്പനി സംഘടിപ്പിച്ച സംഗീത പരിപാടിയിൽ ലേസർ ഷോയും ഉണ്ടായിരുന്നു. കൊല്ലപ്പെട്ട രാജേഷ് ഈ ലേസർ ഷോയിലെ ലൈറ്റ് ഓപ്പറേറ്ററായിരുന്നു.