തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ മകളുമായി എത്തിയ പിതാവിനെ മർദ്ദിച്ച ജീവനക്കാർ കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. ജാമ്യഹർജി അഡി. സെഷൻസ് കോടതി ഈ മാസം 28ന് കേസ് പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച അപേക്ഷ അഡീഷണൽ സെഷൻസ് കോടതിക്ക് കൈമാറി.
പ്രതികളായ കണ്ടക്ടർ എൻ.അനിൽകുമാർ, സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെറീഫ്, സുരക്ഷാ ജീവനക്കാരൻ എസ്.ആർ.സുരേഷ്, അസിസ്റ്റന്റ് സി.പി.മിലന് എന്നിവരാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്. പൂവച്ചൽ പഞ്ചായത്തിലെ ജീവനക്കാരനായ പ്രേമനന് മകൾ രേഷ്മയുടെ മുന്നിൽ വച്ചാണ് മർദ്ദനമേറ്റത്. സെപ്റ്റംബർ 20ന് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. എംഡിയും പരസ്യമായി ക്ഷമാപണം നടത്തി. ഇതിനിടെയാണ് പ്രതികൾ ഒളിവിൽ പോയത്. യൂണിയൻ നേതാക്കളായ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ വേണ്ടിയാണ് അറസ്റ്റ് വൈകുന്നതെന്നാണ് ആക്ഷേപം.
തങ്ങൾ നിരപരാധിയാണെന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ വ്യാജ പരാതികൾ നൽകിയത് പരാതിക്കാരനായ പ്രേമനാണെന്നും പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. പ്രേമനനെതിരേ വിവിധ കോടതികളിൽ കേസുകൾ നിലവിലുണ്ട്. മുൻകൂട്ടി പ്ലാൻ ചെയ്ത ക്യാമറയുമായി പ്രേമനൻ മറ്റൊരാളുമായി സ്റ്റാൻഡിൽ എത്തി. കെ.എസ്.ആർ.ടി.സി തൊഴിലാളികൾ മോശക്കാരാണെന്ന് ചിത്രീകരിക്കാൻ വീഡിയോ ഷൂട്ട് ചെയ്ത് ഉടൻ തന്നെ മാദ്ധ്യമങ്ങൾക്ക് കൈമാറിയെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.