ഭോപ്പാല്‍ (മധ്യപ്രദേശ്): 10 വയസുകാരിയെ ക്ലാസിലെ മറ്റ് വിദ്യാർത്ഥികൾക്ക് മുന്നിൽ വച്ച് യൂണിഫോം അഴിക്കാൻ നിർബന്ധിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു.മുഷിഞ്ഞ യൂണിഫോം ധരിച്ചിരുന്നതിനാൽ ആദിവാസി വിഭാഗത്തിൽപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാർത്ഥിയോട് യൂണിഫോം അഴിക്കാൻ അധ്യാപകൻ ആവശ്യപ്പെടുകയായിരുന്നു.
ഷാഹ്ദോൽ ജില്ലയിലെ ഗോത്രകാര്യ വകുപ്പിന്റെ കീഴിലുള്ള പ്രൈമറി സ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അടിവസ്ത്രം മാത്രം ധരിച്ച്, അധ്യാപകനായ ശ്രാവൺ കുമാർ ത്രിപാഠിക്കും സഹപാഠികൾക്കും സമീപം യൂണിഫോം കഴുകി നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വസ്ത്രങ്ങൾ ഉണങ്ങുന്നതുവരെ പെൺകുട്ടിക്ക് അതേ നിലയിൽ ക്ലാസിൽ ഇരിക്കേണ്ടി വന്നതായി നാട്ടുകാർ പറഞ്ഞു.
ആദിവാസികാര്യ വകുപ്പിന്റെയും മറ്റും വാട്സാപ്പ് ഗ്രൂപ്പുകളിൽ അധ്യാപകൻ തന്നെയാണ് സംഭവത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. ‘സ്വച്ഛ് മിത്ര’ എന്ന് സ്വയം വിശേഷിപ്പിച്ചാണ് ടീച്ചർ ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നാട്ടുകാർ പ്രതിഷേധിച്ചു.